വായനദിനവും പി.എം മാഷും...
ആദ്യമായി വായനശാലയിൽ അംഗത്വം
എടുക്കാൻ പോയത് രസകരമായ സംഭവമായിരുന്നു. എൽ പി സ്കൂളിൽ പഠിക്കുന്ന കാലം...മുനീർക്കയുടെ കൈയും പിടിച്ചു മുഴക്കുന്ന് വായനശാലയിലേക്ക് ചെന്നു. കുട്ടികൾക്കുള്ള പുസ്തകങ്ങളിൽ നിന്ന് ഒന്നെടുത്ത് ആർത്തിയോടെ അതിലേറെ അഹങ്കാരത്തോടെ ലൈബ്രറേറിയന്റെ അടുത്തേക്ക് ചെന്നു. ഗിരീഷേട്ടനാണെന്നു തോന്നുന്നു ലൈബ്രറേറിയൻ.
പെട്ടെന്നാണ് അത് സംഭവിച്ചത്.
അംഗനവാടി കാലം മുതലേയുള്ള പേടിസ്വപ്നം...
പി. എം മാഷ് എവിടെ നിന്നോ കയറി വന്നു. ഇടയ്ക്ക് വിരുന്നെത്തുന്ന ആ കണ്ണടക്കിടയിലൂടെയുള്ള നോട്ടം അന്നത്തെ അംഗനവാടി ഗ്യാങ്ങിന്റെ പേടിയായിരുന്നു...
വായനശാലയിൽ എത്തിയ ഉടനെ പുസ്തകവുമായി നിൽക്കുന്ന എന്നെയൊന്ന് അടിമുടി നോക്കി...
ആ നോട്ടത്തിൽ തന്നെ പകുതി ജീവൻ പോയിരുന്നു..
പ്രായത്തേക്കാൾ കുറിയവനെ കണ്ടു തെറ്റുധരിച്ച മാഷ് പറഞ്ഞു.
"ആ പുസ്തകം ഉറക്കെ വായിക്കൂ.."
എല്ലാ ആത്മവിശ്വാസവും ചോർന്ന് തപ്പിതടഞ്ഞു...
റിസൽട്ട് അപ്പോൾ തന്നെ വന്നു.
അംഗത്വം എടുക്കാൻ ആയിട്ടില്ല.
അടുത്ത ആഴ്ച തന്നെ അംഗത്വം എടുത്തത് മറ്റൊരു കഥ.
പിന്നീട് വർഷങ്ങൾക്ക്ശേഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം.
ലൈബ്രററി കൗൺസിലിന്റെ വായനാദിനവുമായി ബന്ധപ്പെട്ട വായനമത്സരത്തിൽ സ്കൂൾതല വിജയി ആയപ്പോൾ വായനശാലയിലെ അനുമോദനാനന്തരം പി.എം മാഷ് അടുത്തേക്ക് വിളിച്ചു.
കുറച്ചു പുതിയ പുസ്തകങ്ങൾ കൈയിൽ തന്നിട്ട് പറഞ്ഞു.
"കുട്ടി..താലൂക്ക് മത്സരത്തിലേക്ക് പോകും മുന്‍പ് ഈ പുസ്തകങ്ങൾ വായിക്കണം".
പുതിയ ഒരനുഭൂതിയോടെ ആ കണ്ണടകൾക്കിടയിലേക്ക് സൂക്ഷിച്ചു നോക്കി. അവിടെ നിറഞ്ഞു നിൽക്കുന്ന സ്നേഹവും കരുതലും ആവോളം ആസ്വദിച്ചു.
ഇന്നിപ്പോൾ ഒരു വായനദിനം കൂടി വിരുന്നെത്തിയിരിക്കുന്നു...
വായന അനുഭവങ്ങളും പ്രോത്സാഹനങ്ങളും ഏറെയുണ്ട്...
അഹ്സനി ഉസ്താദ്,
ജനീഷേട്ടൻ,
അരീക്കോട് മജ്മഅ,
രിസാല വാരിക... അങ്ങനെയങ്ങനെയങ്ങനെ.......